Nithin Death Case Shock
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. വിദ്യാർത്ഥിയുടെ മരണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ വ്യക്തമാക്കി. അധ്യാപകർക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്നും, ഇത്തരമൊരു സാഹചര്യം കേരളത്തിൽ ഉണ്ടായത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുമെന്ന് യുവജന കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കോളേജ് ലൈബ്രറി കെട്ടിടത്തിന് സമീപം നിതിൻ രാജിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് നിതിന്റെ മാതാപിതാക്കൾ ഉന്നയിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിൽ, ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് അധികൃതർ ഇതിനോടകം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിൻ രാജിന്റെ ദാരുണമായ വേർപാടിൽ അന്വേഷണം ശക്തമാക്കാനാണ് യുവജന കമ്മീഷന്റെ തീരുമാനം.


