Navakerala Survey Spend Shock

നവകേരള സർവേയ്ക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയുടെ വിശദമായ കണക്കുകൾ പുറത്ത്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ 13.04 കോടി രൂപ ചെലവഴിച്ചതായി വെളിപ്പെടുത്തിയത്. സർവേയ്ക്കായി മൊത്തം 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ചെലവായ തുകയിൽ 5.54 കോടി രൂപ നവകേരള സർവേയുടെ ബ്രോഷറുകൾക്കായി മാത്രം ചെലവഴിച്ചു. കൂടാതെ, വോളണ്ടിയർമാരുടെ യാത്രാച്ചെലവുകൾക്കായി 1.45 കോടി രൂപയും, സർവേയുമായി ബന്ധപ്പെട്ട കത്തുകൾ അയക്കുന്നതിനായി ഒരു കോടി രൂപയും ചെലവായതായി സർക്കാർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നവകേരള സർവേ സർക്കാർ ഖജനാവ് ധൂർത്തടിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടത്തുന്ന ഇത്തരം സർവേകൾ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, ചെലവഴിച്ച തുക സംബന്ധിച്ച വിശദമായ കണക്കുകൾ സമർപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

About The Author


