Asha Bhosle Death Shock

ഇന്ത്യൻ സംഗീത ലോകത്തെ നിത്യവസന്തമായിരുന്ന വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഹൃദയാഘാതത്തെത്തുടർന്ന് മൾട്ടി-ഓർഗൻ ഫെയിലിയർ സംഭവിക്കുകയായിരുന്നു. ആശാ ഭോസ്ലെയുടെ മരണവാർത്ത മകൻ ആനന്ദ് ഭോസ്ലെയാണ് സ്ഥിരീകരിച്ചത്. സംസ്കാരം നാളെ (ഏപ്രിൽ 13, തിങ്കൾ) വൈകിട്ട് നാല് മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ 20-ലധികം ഭാഷകളിലായി പതിനൊന്നായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്ലെ, ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദമായിരുന്നു. 1933 സെപ്റ്റംബർ 8-ന് ജനിച്ച ഇവർ, സംഗീതജ്ഞൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറുടെ മകളും ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ സഹോദരിയുമാണ്. 1943-ൽ ‘മജാബാൽ’ എന്ന മറാഠി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഗസലുകൾ, ഭജനുകൾ, പോപ്പ്, ഡിസ്കോ, കാബറേ ഗാനങ്ങൾ തുടങ്ങി ഏത് സംഗീത ശാഖയും തനതായ ശൈലിയിൽ ആലപിക്കാനുള്ള അസാമാന്യ കഴിവ് അവരെ സംഗീതലോകത്ത് വേറിട്ടു നിർത്തി. ആർ.ഡി. ബർമ്മനുമായുള്ള അവരുടെ സംഗീത കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിലെ സുവർണ്ണകാലമായി വിലയിരുത്തപ്പെടുന്നു. പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ഗ്രാമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ് ആശാ ഭോസ്ലെ. അവരുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണ്.

About The Author


