Trump China Tariff Threat

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. ചൈന ഇറാന് സൈനിക സഹായമോ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങളോ കൈമാറിയാൽ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിലെ വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധശേഖരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എണ്ണ വ്യാപാരത്തിനായി ഇറാനെ ആശ്രയിക്കുന്നത് നിർത്തി, പകരം അമേരിക്കയുടെ വ്യാപാര പങ്കാളിയായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാൻ ട്രംപ് ചൈനയ്ക്ക് വാഗ്ദാനം നൽകി. എന്നാൽ, ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞ ചൈനീസ് എംബസി, തങ്ങൾ ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകുന്നില്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. അതേസമയം, സംഘർഷ പശ്ചാത്തലത്തിൽ നേരത്തെ മാറ്റിവെച്ചിരുന്ന ചൈനാ സന്ദർശനം അടുത്ത മാസം നടത്തുമെന്നും, വ്യാപാര-സുരക്ഷാ വിഷയങ്ങൾ അവിടെ ചർച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു.

About The Author


