Hormuz War Threat Shock

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ശക്തമായ തിരിച്ചടി മുന്നറിയിപ്പുമായി ഇറാൻറെ റെവല്യൂഷണറി ഗാർഡ്സ്. അമേരിക്കയുടെ ഏതൊരു തെറ്റായ നീക്കവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ അകപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും, അമേരിക്കൻ നീക്കങ്ങളെ നേരിടാൻ സജ്ജമാണെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസിലെ അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ ശക്തമായിരിക്കുകയാണ്.
അതേസമയം, യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ, യുഎസ്എസ് മൈക്കൽ മർഫി എന്നീ അമേരിക്കൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ ഹോർമുസ് കടലിടുക്കിൽ മൈൻ നീക്കം ചെയ്യൽ ദൗത്യം ആരംഭിച്ചതായി പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു. ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് പാത സുരക്ഷിതമാക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ട്രംപിന്റെ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുമ്പോൾ, പശ്ചിമേഷ്യൻ മേഖല യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. വരും മണിക്കൂറുകളിൽ മേഖലയിലുണ്ടാകാൻ പോകുന്ന സൈനിക നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.

About The Author


