Illustration of NASA Titan mission and Saturn moon Titan
ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ ചന്ദ്രനും ചൊവ്വയ്ക്കും ശേഷം മനുഷ്യന്റെ അടുത്ത പ്രധാന ലക്ഷ്യസ്ഥാനമായി ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ മാറുന്നു. ഭൂമിയുമായി ഏറെ സാമ്യമുള്ള അന്തരീക്ഷവും സവിശേഷതകളുമുള്ള ടൈറ്റാനിലേക്ക് മനുഷ്യരെ അയക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ‘ഹ്യുമൻസ് ടു ടൈറ്റൻ സമ്മിറ്റ് 2026’ എന്ന പേരിൽ ആദ്യ അന്താരാഷ്ട്ര സമ്മേളനം അടുത്ത മാസം അമേരിക്കയിലെ കൊളറാഡോയിലുള്ള ബോൾഡറിൽ നടക്കും. പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അമാൻഡ ഹെൻഡ്രിക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉച്ചകോടിയിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞരും ബഹിരാകാശ എഞ്ചിനീയർമാരും പങ്കെടുക്കും. മനുഷ്യർക്ക് അവിടെ താമസിക്കാനുള്ള സാങ്കേതികവിദ്യകളും മുന്നോടിയായി നടത്തേണ്ട റോബോട്ടിക് ദൗത്യങ്ങളും സമ്മേളനം വിശദമായി വിലയിരുത്തും.
ടൈറ്റാനിലേക്കുള്ള മനുഷ്യയാത്രയുടെ ആദ്യപടിയായി നാസ വികസിപ്പിച്ചെടുത്ത ‘ഡ്രാഗൺഫ്ലൈ’ (Dragonfly) എന്ന ഹെലികോപ്റ്റർ-റോബോട്ട് ദൗത്യം 2028-ൽ വിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ വാഹനം ടൈറ്റനിലെ വിഭിന്നമായ അന്തരീക്ഷത്തെയും രാസഘടനയെയും കുറിച്ച് പഠനം നടത്തും. ഭൂമിയുടേതിന് സമാനമായി നൈട്രജൻ സമ്പുഷ്ടമായ അന്തരീക്ഷവും മീഥേൻ തടാകങ്ങളും മഞ്ഞുമലകളും നിറഞ്ഞ ടൈറ്റൻ, ജീവന്റെ സാന്നിധ്യം കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ ഇടമായാണ് ശാസ്ത്രലോകം കാണുന്നത്. 2005-ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹ്യൂജൻസ് (Huygens) ലാൻഡർ ഇവിടെ വിജയകരമായി ഇറങ്ങി ചരിത്രം കുറിച്ചിരുന്നു.
എങ്കിലും, ടൈറ്റാനിലേക്കുള്ള യാത്ര അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. മൈനസ് 179 ഡിഗ്രി സെൽഷ്യസ് വരെയുള്ള അതിശൈത്യവും ശ്വസിക്കാൻ ഓക്സിജന്റെ അഭാവവും പ്രധാന തടസ്സങ്ങളാണ്. കൂടാതെ ഭൂമിയിൽ നിന്ന് ഏകദേശം 1.2 ബില്യൺ കിലോമീറ്റർ അകലെയുള്ള ടൈറ്റാനിലെത്താൻ വർഷങ്ങളോളം നീണ്ട യാത്ര ആവശ്യമാണ്. എന്നാൽ ടൈറ്റനിലെ ഉയർന്ന അന്തരീക്ഷ സാന്ദ്രതയും കുറഞ്ഞ ഗുരുത്വാകർഷണവും മനുഷ്യർക്ക് ചിറകുകൾ ഉപയോഗിച്ച് പറക്കാൻ വരെ സാധ്യമാക്കുന്ന സാഹചര്യമാണ് ഒരുക്കുന്നത്. ഈ സവിശേഷതകൾ പ്രയോജനപ്പെടുത്തി ഭാവിയിൽ ടൈറ്റാനെ മനുഷ്യന്റെ ഒരു സുരക്ഷിത താവളമാക്കി മാറ്റാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.


