Payyannur political violence

കണ്ണൂര്‍: ലോക്സഭാ വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂര്‍ മേഖലയില്‍ ആരംഭിച്ച രാഷ്ട്രീയ അക്രമസംഭവങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നു. സിപിഎമ്മിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പുറത്തുകൊണ്ടുവന്ന മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ക്ക് നേരെയാണ് വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നത്. ഏറ്റവും ഒടുവിലായി, കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. മാതമംഗലം പേരൂലിലാണ് സംഭവം. ഇതിനുപുറമെ, കാങ്കോല്‍ കരിങ്കുഴിയില്‍ വി. കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതില് തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന ഷെഡിന് തീയിടുകയും ചെയ്തിട്ടുണ്ട്. മയ്യിലില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിപിഎം പ്രവര്‍ത്തകനായ ടി. പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിലുള്ള വിരോധമാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. പുരുഷോത്തമന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും അഗ്നിക്കിരയാക്കിയിരുന്നു. മേഖലയില്‍ അക്രമ പരമ്പരകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂരില്‍ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

About The Author


