Nithin Raj Death Shock

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ ശക്തമായ നടപടിയെടുത്ത് കോളേജ് മാനേജ്മെന്റ്. മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം. കെ. റാമിനെ കോളേജ് മാനേജ്മെന്റ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് മാനേജ്മെന്റ് ഈ തീരുമാനമെടുത്തത്. ഏപ്രിൽ 16-ഓടെ ഡോ. റാമിന്റെ സേവനങ്ങൾ കോളേജിന് ആവശ്യമില്ലെന്ന് വ്യക്തമാക്കി കോളേജ് പ്രിൻസിപ്പൽ ഔദ്യോഗിക അറിയിപ്പ് നൽകി.
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡോ. എം. കെ. റാമിന്റെയും ഡോ. സംഗീതയുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഇരുവരും സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. കോളേജിലെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിന്റെ മരണത്തിലേക്ക് നയിച്ചതെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് ക്യാമ്പസിലും പുറത്തും നടക്കുന്നത്.

About The Author


