Captagon drug bust operation by NCB in India
ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലകളെ ലക്ഷ്യമിട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) നടത്തിയ മിന്നൽ പരിശോധനയിൽ ഇന്ത്യയിൽ ആദ്യമായി ‘ജിഹാദി ഡ്രഗ്ഗ്’ എന്ന് വിളിക്കപ്പെടുന്ന കാപ്റ്റഗൺ (Captagon) ഗുളികകളുടെ വൻ ശേഖരം പിടികൂടി. ഡൽഹിയിലെ നെബ് സരായ്, ഗുജറാത്തിലെ മുന്ദ്ര പോർട്ട് എന്നിവിടങ്ങളിൽ സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ റേജ്പിൽ’ (Operation Ragepill) വഴിയാണ് ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന 227.7 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന അഹമ്മദ് അൽഅബ്രാസ് എന്ന സിറിയൻ സ്വദേശിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭീകരസംഘടനകളും ഐഎസ് (ISIS) ഭീകരരും പോരാട്ടവീര്യം കൂട്ടാനും ഭയമില്ലാതാക്കാനും ഉപയോഗിക്കുന്ന മാരക ലഹരിമരുന്നാണിത്. (Captagon Drug Bust)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Narcotics Control Bureau
സന്ദർശിക്കാം.
ഡൽഹിയിലെ ഒരു വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ ചപ്പാത്തി നിർമ്മാണ യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 31.5 കിലോഗ്രാം കാപ്റ്റഗൺ ഗുളികകൾ ആദ്യം കണ്ടെടുത്തു. തുടർന്ന് പിടിയിലായ സിറിയൻ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ വലിയ ലഹരിശേഖരത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. സിറിയയിൽ നിന്ന് കമ്പിളി നൂലുകൾ എന്ന വ്യാജേന കണ്ടെയ്നറിൽ എത്തിച്ച മൂന്ന് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 196.2 കിലോഗ്രാം കാപ്റ്റഗൺ പൗഡറാണ് മുന്ദ്രയിൽ നിന്ന് പിടിച്ചെടുത്തത്.
ഇവിടെ കാണുക
ശരീരത്തിന് അമിത ഊർജ്ജം നൽകുകയും ദീർഘനേരം ഉറക്കമില്ലാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്ന സിന്തറ്റിക് ഉത്തേജക മരുന്നാണ് കാപ്റ്റഗൺ. കടുത്ത അക്രമവാസനയ്ക്കും മാനസികാസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്ന ഈ മരുന്ന് ഭീകരവാദികൾ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ‘ജിഹാദി ഡ്രഗ്ഗ്’ എന്ന പേര് വന്നത്. അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട ഈ ലഹരിമരുന്നിന്റെ വിപണനത്തിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ ഭീകരപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.


