BSNL Tops Internet Shock

ഇന്ത്യൻ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്, 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്റർനെറ്റ് വിഭാഗത്തിൽ ബിഎസ്എൻഎൽ (BSNL) ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിലെ പ്രശസ്തമായ സ്വതന്ത്ര നെറ്റ്വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫ് (nPerf) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയെയും ഭാരതി എയർടെലിനെയും മറികടന്നാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഈ ചരിത്ര നേട്ടം കൈവരിച്ചത്. എൻപെർഫിന്റെ കണക്കുപ്രകാരം, 89,174 ‘nPoints’ സ്കോർ നേടിയാണ് ബിഎസ്എൻഎൽ പട്ടികയിൽ ഒന്നാമതെത്തിയത്. ഡൗൺലോഡ് വേഗത, അപ്ലോഡ് വേഗത, ലേറ്റൻസി (latency), വെബ് ബ്രൗസിംഗ്, യൂട്യൂബ് സ്ട്രീമിംഗ് അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സ്കോറുകൾ കണക്കാക്കുന്നത്. മുൻവർഷം രണ്ടാം സ്ഥാനത്തായിരുന്ന ബിഎസ്എൻഎൽ, കഴിഞ്ഞ അഞ്ചു വർഷമായി നടത്തിയ നിരന്തരമായ നെറ്റ്വർക്ക് മെച്ചപ്പെടുത്തലുകളിലൂടെയാണ് ഈ വർഷം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. റിപ്പോർട്ട് പ്രകാരം, ബിഎസ്എൻഎല്ലിന്റെ ഫിക്സഡ്-ലൈൻ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധിച്ച് 78.5 Mbps ആയി. അപ്ലോഡ് വേഗതയിൽ ബിഎസ്എൻഎൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് (75.26 Mbps). ഫൈബർ-ടു-ദി-ഹോം (FTTH) വിഭാഗത്തിൽ എയർടെലും ജിയോയും വേഗതയിൽ മുന്നിലുണ്ടെങ്കിലും, സേവനങ്ങളുടെ ഗുണനിലവാരം, ലേറ്റൻസി, ഉപഭോക്താക്കൾക്ക് നൽകുന്ന മൊത്തത്തിലുള്ള സ്ട്രീമിംഗ് അനുഭവം എന്നിവയിലാണ് ബിഎസ്എൻഎൽ എല്ലാവരെയും പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിർത്തിയത്.

About The Author


