Artemis II Splashdown Big
ചന്ദ്രയാത്ര പൂർത്തിയാക്കി ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുകൊണ്ടാണ് കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘം തങ്ങളുടെ ചരിത്രപരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ശബ്ദത്തിന്റെ 33 ഇരട്ടി വേഗതയിൽ, മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ‘ഇന്റഗ്രിറ്റി’ എന്ന് പേരിട്ടിരുന്ന ഒറിയോൺ ക്യാപ്സ്യൂൾ, കഠിനമായ വെല്ലുവിളികളെ അതിജീവിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അന്തരീക്ഷ പ്രവേശന വേളയിൽ 2,800 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ ക്യാപ്സ്യൂൾ പ്ലാസ്മയാൽ പൊതിയപ്പെട്ടതിനെത്തുടർന്ന് ആറ് മിനിറ്റ് നേരത്തേക്ക് ആശയവിനിമയം തടസ്സപ്പെട്ടത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നെങ്കിലും, പേടകത്തിന്റെ അത്യാധുനിക താപകവചം യാത്രികർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കി. 2022-ലെ മുൻ ദൗത്യത്തിലെ പാളിച്ചകൾ തിരുത്തി വലിയ മുൻകരുതലുകളോടെയാണ് നാസ ഇത്തവണ ദൗത്യം പൂർത്തിയാക്കിയത്. അന്തരീക്ഷ പ്രവേശനത്തിന് ശേഷം പാരഷൂട്ടുകളുടെ സഹായത്തോടെ വേഗത നിയന്ത്രിച്ച് നടന്ന 15 മിനിറ്റ് നീണ്ട ‘സ്പ്ലാഷ് ഡൗൺ’ പ്രക്രിയയ്ക്ക് ശേഷം, സാൻ ഡീഗോ തീരത്ത് കാത്തുനിന്ന യുഎസ് നാവികസേനയുടെയും നാസയുടെയും റസ്ക്യൂ ടീമുകൾ ദൗത്യം ഏറ്റെടുക്കുകയും യാത്രികരെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.


