Nithin Death Probe Shock
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ പോലീസ് മേധാവിയുമായി സംസാരിച്ചെന്നും, സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം കേസന്വേഷിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സഹപാഠികൾ നിതിന്റെ വീട്ടിൽ എത്താതിരുന്നത് മാനേജ്മെന്റിന്റെ കർശന നിർദ്ദേശം മൂലമാണെന്നും, ഇന്റേണൽ മാർക്ക് വെച്ച് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന പ്രവണതയാണ് അവിടെയുള്ളതെന്നും മന്ത്രി ആരോപിച്ചു.
കോഴ്സിന് ചേർന്നതുമുതൽ നിതിൻ ജാതീയമായ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും, പിതാവ് പരാതിയുമായി എത്തിയപ്പോൾ അധികൃതർ അത് കേൾക്കാൻ പോലും തയ്യാറായില്ലെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയ മന്ത്രി, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം കുടുംബത്തിന് മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള അവസരം ഒരുക്കുമെന്നും, സർക്കാർ തലത്തിൽ അർഹമായ സഹായങ്ങൾ നൽകുന്നത് പരിഗണിക്കുമെന്നും പറഞ്ഞു. മിടുക്കനായ ഒരു വിദ്യാർത്ഥിയെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയിൽ സർക്കാർ കൂടെയുണ്ടെന്നും, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


