Hormuz Mine Removal Shock
ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ വിന്യസിച്ച് അമേരിക്ക. രാജ്യാന്തര എണ്ണനീക്കത്തിൽ നിർണായകമായ ഈ മേഖലയിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ കണ്ടെത്താനും അവ നിർവീര്യമാക്കാനുമാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ദൗത്യം ആരംഭിച്ചിരിക്കുന്നത്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട ‘യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ’, ‘യുഎസ്എസ് മൈക്കിൾ മർഫി’ എന്നീ കപ്പലുകളാണ് ദൗത്യത്തിനായി രംഗത്തുള്ളത്. എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിൽ സ്ഥാപിച്ചിട്ടുള്ള മാരകമായ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുകയാണ് ഇവയുടെ പ്രധാന ലക്ഷ്യം.
നേരിട്ട് കപ്പലുകൾ അയക്കുന്നതിന് പകരം, ഹൈടെക് സോണാർ സംവിധാനങ്ങളുള്ള ‘കിങ്ഫിഷ്’ ഉൾപ്പെടെയുള്ള അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിളുകളും (UUV), എയർബോൺ ലേസർ മൈൻ ഡിറ്റക്ഷൻ സിസ്റ്റം (ALMDS) ഘടിപ്പിച്ച ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് അമേരിക്കൻ സൈന്യം മൈനുകൾ കണ്ടെത്തുന്നത്. കണ്ടെത്തുന്ന മൈനുകളെ റോബോട്ടിക് സംവിധാനമായ ‘എയർ ബോൺ മൈൻ ന്യൂട്രലൈസേഷൻ സിസ്റ്റം’ (AMNS) ഉപയോഗിച്ച് തകർക്കുന്നു. മൈൻ നീക്കം ചെയ്യൽ ദൗത്യത്തിന് സുരക്ഷയൊരുക്കുന്നതിനൊപ്പം, കപ്പലുകളിലെ ‘ഏജീസ് കോമ്പാറ്റ്’ സംവിധാനം ഉപയോഗിച്ച് കര-വ്യോമ ഭീഷണികളെ പ്രതിരോധിക്കാനും അമേരിക്ക സജ്ജമാണ്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ സ്ഥാപിച്ച മൈനുകൾ പൂർണമായും നീക്കം ചെയ്യാനാണ് യുഎസ് സൈന്യത്തിന്റെ നീക്കം.


