iPhone 18 Pro Leaks

ന്യൂഡൽഹി: ആഗോള സ്മാർട്ട്ഫോൺ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ വിവരങ്ങൾ പുറത്ത്. 2026 സെപ്റ്റംബറിൽ നടക്കുന്ന വാർഷിക ചടങ്ങിൽ ഈ ഫോണുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ 50-ാം വാർഷിക വേളയിൽ എത്തുന്ന ഈ മോഡലുകളിൽ ഐഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പുതുമകൾ കമ്പനി ഉൾപ്പെടുത്തിയേക്കും. കൂടാതെ, ഐഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു ഫോൾഡബിൾ മോഡലും ഇതോടൊപ്പം അവതരിപ്പിക്കാൻ ആപ്പിൾ ആലോചിക്കുന്നുണ്ട്.

ഡിസൈനിൽ വലിയ അഴിച്ചുപണികൾ ഇല്ലെങ്കിലും നിറങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഐഫോൺ ആരാധകരുടെ പ്രിയപ്പെട്ട ബ്ലാക്ക് വേരിയന്റ് ഇത്തവണ ഉണ്ടാവില്ലെന്നും പകരം ഡീപ്പ് റെഡ് അല്ലെങ്കിൽ ബർഗണ്ടി നിറങ്ങൾ അവതരിപ്പിക്കുമെന്നുമാണ് സൂചന. കൂടാതെ, ഡിസ്പ്ലേയിലെ ഡൈനാമിക് ഐലൻഡ് 35 ശതമാനം വരെ ചെറുതാകും. സ്ക്രീനിന് താഴെ ഫേസ് ഐഡി സാങ്കേതികവിദ്യ ഒളിപ്പിക്കുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും പ്രോ മാക്സിൽ 6.9 ഇഞ്ച് പാനലും 120 ഹെർട്സ് പ്രൊമോഷൻ സപ്പോർട്ടും തുടരും.
പെർഫോമൻസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളാണ് വരുന്നത്. ലോകത്തിലെ ആദ്യത്തെ 2nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച A20 പ്രോ ചിപ്സെറ്റ് ആയിരിക്കും ഈ ഫോണുകളുടെ കരുത്ത്. ഇത് ഫോണിന് അസാമാന്യ വേഗതയും മികച്ച ബാറ്ററി ലൈഫും നൽകും. പ്രോ മാക്സ് മോഡലിൽ 5,200 mAh വരെ ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്തിയേക്കും. ക്യാമറയിൽ 48 എംപി ട്രിപ്പിൾ സെൻസറുകൾ തുടരുമെങ്കിലും, കുറഞ്ഞ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യ ആപ്പിൾ ഇത്തവണ അവതരിപ്പിച്ചേക്കും.
സോഫ്റ്റ്വെയർ രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ആപ്പിൾ ഒരുങ്ങുന്നത്. ഐഒഎസ് 27-നൊപ്പം എത്തുന്ന പുതിയ സിരിയിൽ ഗൂഗിളിന്റെ ജെമിനി മോഡലുകൾ ഉൾപ്പെടുത്തിയേക്കും. ഇത് വോയിസ് അസിസ്റ്റന്റിനെ മുൻപത്തേക്കാൾ കൂടുതൽ സ്മാർട്ടാക്കി മാറ്റും. വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും മുൻ മോഡലുകൾക്ക് സമാനമായ നിരക്കിൽ തന്നെയായിരിക്കും ഇന്ത്യയിലും ഐഫോൺ 18 പ്രോ സീരീസ് എത്തുക.
About The Author


