Vadakara Drug Case investigation involving teacher Kavya and Keerthana
Vadakara Drug Case കൂടുതൽ ചർച്ചയാകുന്നതിനിടെ, അറസ്റ്റിലായ അധ്യാപിക കാവ്യയുടെ കുടുംബപരമായ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വിശദീകരണവും സഹപ്രവർത്തകരുടെ പ്രതികരണവും പുറത്തുവന്നു.
അധ്യാപികമാരുടെ അറസ്റ്റിൽ അന്വേഷണം ശക്തം | Vadakara Drug Case
വടകരയിൽ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ധ്യാപികമാരായ കാവ്യയുടെയും കീർത്തനയുടെയും പെരുമാറ്റത്തിൽ യാതൊരുവിധ സംശയവും തോന്നിയിരുന്നില്ലെന്ന് സഹപ്രവർത്തകയായ മറ്റൊരു അദ്ധ്യാപിക വ്യക്തമാക്കി. പിടിയിലായ രണ്ട് അദ്ധ്യാപകരും എപ്പോഴും ഗ്രൂപ്പായിട്ടാണ് നടക്കാറുള്ളത്. ഇരുവരും വിവാഹമോചിതരായതിനാൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനാവാം ഒരുമിച്ച് നടക്കുന്നതെന്നാണ് സഹപ്രവർത്തകർ കരുതിയിരുന്നത്. ഇവരെക്കുറിച്ച് ബി.ആർ.സിയിൽ യാതൊരുവിധ പരാതികളും ലഭിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിനു പിന്നാലെ കാവ്യയ്ക്കെതിരെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് അവരോട് വിശദീകരണം തേടിയപ്പോൾ, അമ്മയ്ക്ക് ക്യാൻസറാണെന്നും ഭർത്താവ് ഡിവോഴ്സ് ചെയ്യാൻ പോകുകയാണെന്നും പറഞ്ഞായിരുന്നു കാവ്യ ഇതിനെ ന്യായീകരിച്ചത്. കുടുംബപരമായ പ്രയാസങ്ങൾ കാരണമാണ് താൻ വിഷമിക്കുന്നതെന്നാണ് കാവ്യ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. കീർത്തനയുമായി തനിക്ക് യാതൊരുവിധ ഇടപാടും ഇല്ലെന്നാണ് കാവ്യ പറഞ്ഞിരുന്നതെന്നും, എന്നാൽ കീർത്തനയെ പിടികൂടിയ ശേഷമാണ് കാവ്യയ്ക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നതെന്നും സഹപ്രവർത്തക വെളിപ്പെടുത്തി.
പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കൂരാച്ചുണ്ട് ചെറുക്കാട് കൊല്ലനാരി കെ. കാവ്യയും സുഹൃത്ത് മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് ലഹരിക്കേസിൽ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് റിസ്വാൻ എന്നയാളെ എം.ഡി.എം.എയുമായി വടകര പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഈ അദ്ധ്യാപികമാരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ലഹരിക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഈ അദ്ധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയിരുന്നത്. കഴിഞ്ഞ 11-ാം തീയതി കീർത്തനയും, തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി കാവ്യയും അറസ്റ്റിലാവുകയായിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകളും പൊലീസ് കർശനമായി പരിശോധിച്ചുവരികയാണ്. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. സർവശിക്ഷാ അഭിയാന്റെ കീഴിലുള്ള ഓട്ടിസം സ്കൂളിലായിരുന്നു കാവ്യ പഠിപ്പിച്ചിരുന്നത്. അദ്ധ്യാപനം മറയാക്കിയാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിവന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


