Tharoor CM remark Shock

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, എന്നാൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണെന്നും, അതിൽ മറ്റ് നേതാക്കൾ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിലെ ചില നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ തന്റേതായ ശൈലിയിൽ തരൂർ വിമർശിച്ചു. “കെട്ടിടം പണി പൂർത്തിയായ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥശൂന്യമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മെയ് 4-ഓടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകുമെന്നത് ഉറപ്പാണെന്നും എന്നാൽ അത് ആരാണെന്നോ ഏത് നഗരത്തിൽ നിന്നുള്ളയാളാണെന്നോ ഇപ്പോൾ പറയാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അനാവശ്യ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും നേതാക്കൾ മിതത്വം പാലിക്കണമെന്നും തരൂർ മുന്നറിയിപ്പ് നൽകി.

About The Author


