Sobha Surendran Land Row

കണ്ണൂർ: ഏറെ വിവാദമായ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ തനിക്ക് പത്ത് ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഏപ്രിൽ ഏഴാം തീയതിയാണ് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ ലഭിച്ചതെന്ന് നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് പണം എത്തിയതെന്നും, തുക ലഭിച്ച സാഹചര്യത്തിൽ ശോഭ സുരേന്ദ്രനെതിരെ നൽകിയ പരാതികൾ പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം കൈമാറിയതെന്നും എന്നാൽ പറഞ്ഞ സമയത്ത് ഭൂമി ലഭിക്കാതായതോടെയാണ് ഇടപാട് വിവാദമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പണം മടക്കി നൽകിയെങ്കിലും ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളും നന്ദകുമാർ ഉന്നയിച്ചിട്ടുണ്ട്. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വൻ തുക ചെലവഴിച്ചതായാണ് നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. കൂടാതെ, സിപിഎം നേതാവ് ഇ.പി. ജയരാജനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിച്ച ശോഭ സുരേന്ദ്രൻ പരാജയപ്പെടുമെന്നും നന്ദകുമാർ പരിഹസിച്ചു. മധ്യസ്ഥർ മുഖേനയാണ് പണം കൈമാറുന്ന കാര്യത്തിൽ തീരുമാനമായതെന്നും ഏത് അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടതെന്ന് അവർ മുൻകൂട്ടി ചോദിച്ചറിഞ്ഞതായും നന്ദകുമാർ വിശദീകരിച്ചു.

About The Author


