Shigella Outbreak Kerala health alert
സംസ്ഥാനത്ത് ആശങ്ക പടർത്തി വീണ്ടും ഷിഗെല്ല (Shigella) കേസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഒൻപത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കോഴിക്കോട് ജില്ലയിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മലപ്പുറം കീഴറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന ആരംഭിച്ചു. രണ്ടുഘട്ടങ്ങളിലായി 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലറിലെ വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും തുടർന്ന് ഈ സ്ഥാപനം അധികൃതർ അടിയന്തരമായി അടപ്പിക്കുകയും ചെയ്തു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പടരുന്ന മാരകമായ ബാക്ടീരിയൽ രോഗമാണ് ഷിഗെല്ല. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് ഇത് പകരാൻ സാധ്യതയുണ്ട്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ മൂന്ന് ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പ്രധാനമായും കുടലിനെ ബാധിക്കുന്ന ഈ രോഗം കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, കടുത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോവുക എന്നിവയ്ക്ക് കാരണമാകുന്നു. സാധാരണക്കാരായ ആളുകളിൽ 5 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം എന്നാൽ പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിൽ രോഗബാധ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും ആഹാര ശുചിത്വം പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. (Shigella Outbreak Kerala)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Directorate of Health Services Kerala
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


