Rare Earth Minerals Corridor project at KMML Chavara for monazite and rare earth extraction
Rare Earth Minerals Corridor പദ്ധതിയിലൂടെ കേരളത്തിന്റെ ധാതുസമ്പത്ത് സാമ്പത്തിക വളർച്ചയ്ക്കും സാങ്കേതിക വികസനത്തിനും കൂടുതൽ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാകുകയാണ്. ചവറയിലെ മോണസൈറ്റ് ശേഖരവുമായി ബന്ധപ്പെട്ട പുതിയ നടപടികൾ ശ്രദ്ധേയമാകുന്നു.
അപൂർവ ധാതു വികസന പദ്ധതികൾക്ക് വേഗം | Rare Earth Minerals Corridor
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന്റെ’ ഭാഗമായി, ചവറ കെഎംഎംഎലിൽ (KMML) അതീവ സുരക്ഷയോടെ ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന മോണസൈറ്റ് അടങ്ങിയ ആണവ ധാതുക്കളുടെ വൻ ശേഖരം പുറത്തെടുക്കാൻ നടപടികൾ ആരംഭിച്ചു. ഇതിൽ നിന്നും വൈദ്യുത വാഹനങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആവശ്യമായ നിയൊഡൈമിയം ഉൾപ്പെടെയുള്ള അപൂർവ ധാതുക്കൾ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കെഎംഎംഎൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള വൻകിട പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുക.
കരിമണലിൽ നിന്നു ടൈറ്റാനിയം ഡയോക്സൈഡ്, ടൈറ്റാനിയം സ്പോഞ്ച് എന്നിവ ഉൽപാദിപ്പിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങളിലാണ് വൻതോതിൽ മോണസൈറ്റ് അടങ്ങിയിട്ടുള്ളത്. വിപണിയിൽ ഏതാണ്ട് 4000 കോടി രൂപയോളം മൂല്യം കണക്കാക്കുന്ന ഒന്നേകാൽ ലക്ഷം ടൺ വരുന്ന ആണവ ധാതുക്കളുടെ ശേഖരമാണ് കെഎംഎംഎലിലെ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ ഭൂമിക്കടിയിലെ പ്രത്യേക അറകളിൽ സൂക്ഷിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, വിമാനങ്ങൾ, സ്മാർട്ട് ഫോണുകൾ, ഡ്രോണുകൾ എന്നിവയ്ക്ക് ആവശ്യമായ അതിശക്തമായ മാഗ്നറ്റുകളുടെ നിർമാണത്തിനാണ് മോണസൈറ്റിൽ അടങ്ങിയിരിക്കുന്ന നിയൊഡൈമിയം പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയ്ക്ക് പുറമെ തോറിയം, സ്കാൻഡിയം എന്നിവയും ഇവിടെ വേർതിരിച്ചെടുക്കും.
42,000 കോടി രൂപയുടെ വൻ നിക്ഷേപം പ്രതീക്ഷിച്ച് പിണറായി സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതിക്ക്, കോറിഡോറിന്റെ ആദ്യഘട്ടമെന്നോണം യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ നിയൊഡൈമിയം ഓക്സൈഡ് ഭൂരിഭാഗവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ ആശ്രയത്വം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാരും 7280 കോടി രൂപയുടെ പിഎൽഐ പദ്ധതിയും, മാഗ്നറ്റ് നിർമാണ യൂണിറ്റുകൾക്കായി 1900 കോടി രൂപയും നീക്കിവച്ചിരുന്നു. കേന്ദ്ര പദ്ധതികളുടെ ചുവടുപിടിച്ച് കേരളത്തിൽ കൊല്ലം, ആലപ്പുഴ തീരങ്ങളിലെ ധാതുമണൽ പരമാവധി പ്രയോജനപ്പെടുത്താനാണ് പുതിയ കോറിഡോറിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Minerals and Metals Ltd (KMML) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


