Muslim League Big Claim

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ വലിയ തരംഗമുണ്ടായെന്നും പാർട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്നും മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. മലപ്പുറം, കാസർകോട് ജില്ലകളിൽ സമ്പൂർണ്ണ വിജയം നേടുന്നതിനൊപ്പം സംസ്ഥാനത്താകെ 20 സീറ്റുകൾ പാർട്ടിക്ക് ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാൽ സീറ്റുകളുടെ എണ്ണം 22 കടക്കാൻ സാധ്യതയുണ്ടെന്നും ലീഗ് കണക്കുകൾ നിരത്തുന്നു. കഴിഞ്ഞ തവണ കൈവിട്ട തിരുവമ്പാടി മണ്ഡലം ഇത്തവണ വലിയ ഭൂരിപക്ഷത്തോടെ തിരികെ പിടിക്കുമെന്നാണ് പാർട്ടിയുടെ പ്രധാന അവകാശവാദം. സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയർന്നത് യു.ഡി.എഫിന്റെ വിജയസാധ്യത വർധിപ്പിച്ചതായി ലീഗ് വിലയിരുത്തുന്നു. മലപ്പുറം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വലിയ ലീഡ് പ്രതീക്ഷിക്കുന്ന പാർട്ടി, കാസർകോട് ജില്ലയിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും ഉറപ്പിച്ചു പറയുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചതായും ഭരണത്തുടർച്ചയുണ്ടാകില്ലെന്നുമാണ് ലീഗ് നേതാക്കളുടെ വാദം. മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും പാർട്ടിക്ക് അനുകൂലമായെന്നും അന്തിമഫലം വരുമ്പോൾ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെക്കുമെന്നും യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി.

About The Author


