
മലപ്പുറം: രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ഫ്ലക്സ് ബോർഡുകളും അനൗൺസ്മെന്റുമായി വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്തിയിരുന്ന തട്ടിപ്പ് സംഘം മലപ്പുറത്ത് പിടിയിലായി. തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിലാണ് സംഭവം. രോഗികളുടെ ചിത്രം പതിച്ച വാഹനത്തിൽ അനൗൺസ്മെന്റ് നടത്തി പണം ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു. തുടർന്ന് യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെ സംഘം പരുങ്ങലിലായി.ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ നാട്ടുകാർ സംഘടിച്ചു. ജനക്കൂട്ടത്തെ കണ്ടതോടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ തിരൂർ പോലീസിനെ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ പോലീസ് വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവ് നടത്തിയിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് സമീപപ്രദേശമായ പോലിശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ പണപ്പിരിവ് നടന്നിരുന്നു. ഇത്തരം തട്ടിപ്പുകൾ വർദ്ധിക്കുന്നത് യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന പാവപ്പെട്ട രോഗികളെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കാൻ കാരണമാകുമെന്നും, അത് അർഹരായവർക്ക് ലഭിക്കേണ്ട സഹായം ഇല്ലാതാക്കുമെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

About The Author


