Kochi Drugs Case investigation involving allegations against DANSAF SI
Kochi Drugs Case അന്വേഷണവുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ ആരോപണങ്ങൾ സംസ്ഥാനത്ത് ശ്രദ്ധേയമായിരിക്കുകയാണ്. പരാതിയുടെ പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
പരാതിക്ക് പിന്നാലെ അന്വേഷണം ശക്തമാകുന്നു | Kochi Drugs Case
#KochiDrugsCase #DANSAF #HoneyTrapAllegation #KochiPolice #AntiNarcotics #KeralaCrimeNews
കൊച്ചി: കൊച്ചി നഗരത്തിലെ മയക്കുമരുന്ന് വേട്ടകളിൽ നിർണായക പങ്കുവഹിക്കുന്ന ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ (ഡാൻസാഫ്) മുതിർന്ന എസ്.ഐയെ ലൈംഗിക അപവാദത്തിലും കോഴ ആരോപണത്തിലും കുടുക്കാൻ ലഹരിമാഫിയയുടെ നീക്കം. തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാർട്ട്മെന്റിൽ നിന്ന് മാരക രാസലഹരിയായ എം.ഡി.എം.എയുമായി പിടിയിലായ കെവിൻ മാത്യുവിന് ലഹരിമരുന്ന് എത്തിച്ചുനൽകിയ തൊടുപുഴ സ്വദേശിനിയായ യുവതിയെ മുൻനിർത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിരിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ കിടപ്പറ പങ്കിടണമെന്ന് ആവശ്യപ്പെട്ടെന്നും, അതല്ലെങ്കിൽ 10 ലക്ഷം രൂപ കോഴ ചോദിച്ചെന്നുമാണ് യുവതിയുടെ ആരോപണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്ക് ലഭിച്ച ഈ പരാതിയിൽ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജൻസും നിലവിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് ആദ്യവാരമാണ് ലഹരിപ്പാർട്ടികൾക്ക് രാസലഹരി എത്തിച്ചിരുന്ന കെവിൻ മാത്യുവിനെ ഡാൻസാഫ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിന് കൈമാറിയത്. പ്രതിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതോടെയാണ് തൊടുപുഴ സ്വദേശിനിയായ കോളേജ് അധ്യാപിക ലഹരിക്കടത്തിലെ പ്രധാന കണ്ണിയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കെവിന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് യുവതിയുടെ അക്കൗണ്ടിലേക്ക് നടന്നിട്ടുള്ളത്. പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് യുവതിയെ കേസിൽ പ്രതിചേർത്തതിന് തൊട്ടുപിന്നാലെയാണ് എസ്.ഐക്കെതിരെ ആരോപണവുമായി ഇവർ രംഗത്തെത്തിയത്.
മറ്റൊരാളുടെ ഇ-മെയിൽ വിലാസം വഴിയാണ് യുവതി മുഖ്യമന്ത്രിയുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും ഓഫീസുകളിലേക്ക് പരാതി അയച്ചിരിക്കുന്നത്. പരാതിയിൽ വ്യക്തമായ മേൽവിലാസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതേ മെയിലിലൂടെ പൊലീസ് അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി ലഭിക്കുന്നുണ്ട്. പ്രതിയായ യുവതി നിലവിൽ കേരളം വിട്ടതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫിന്റെ ചുമതലയുള്ള സിറ്റി നാർക്കോട്ടിക്സ് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ഇപ്പോൾ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നത്. ലഹരിവേട്ടക്കാരുടെ നട്ടെല്ലൊടിക്കുന്ന ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കി ഡാൻസാഫിന്റെ വീര്യം കെടുത്താനുള്ള മാഫിയയുടെ ഗൂഢാലോചനയാണോ ഇതെന്ന് പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


