Kafir Screenshot Case investigation by SIT in Kerala
കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ സി.പി.ഐ.എം – ഡിവൈഎഫ്ഐ നേതൃത്വങ്ങളെ പ്രതിരോധത്തിലാക്കി പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) നിർണായക നീക്കം. കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ വടകര എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ റിബേഷിനെ ചോദ്യം ചെയ്തിരുന്നെങ്കിലും, വിവാദ സ്ക്രീൻഷോട്ട് എവിടെനിന്നാണ് ലഭിച്ചതെന്ന് വെളിപ്പെടുത്താൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്നാണ് സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് മുൻ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഭരണം മാറിയതിന് പിന്നാലെ നിലവിൽ വന്ന പുതിയ പ്രത്യേക അന്വേഷണസംഘം കേസിൽ അന്വേഷണം ശക്തമാക്കിയതോടെയാണ് വിവരങ്ങൾ പുറത്തുവരുന്നത്.
സി.പി.ഐ.എം അനുകൂല സൈബർ ഗ്രൂപ്പായ ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നാണ് പുതിയ എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഈ ഗ്രൂപ്പിന്റെ അഡ്മിനും തിരുവള്ളൂർ സ്വദേശിയുമായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്കറിലേക്ക് അന്വേഷണം നീണ്ടതോടെയാണ് കേസിലെ ചുരുളഴിയുന്നത്. ജിതിൻ ഭാസ്കറിൽ നിന്നാണ് റിബേഷ് രാമകൃഷ്ണന് ഈ സ്ക്രീൻഷോട്ട് ലഭിച്ചതെന്നാണ് സൂചന. മുൻപ് ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയ പ്രമുഖ ഇടത് സൈബർ പേജുകളുടെ അഡ്മിനുകളെ മാത്രം ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ച സ്ഥാനത്താണ്, ഇപ്പോൾ യഥാർത്ഥ ഉറവിടം തേടി എസ്.ഐ.ടി നീങ്ങുന്നത്. റിബേഷ് ഉൾപ്പെടെയുള്ള ഇടത് സൈബർ നേതാക്കളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വിവാദ വ്യാജ സ്ക്രീൻഷോട്ടിന് പിന്നിലെ യഥാർത്ഥ സൂത്രധാരന്മാർ ഉടൻ പുറത്താകുമെന്നാണ് വിലയിരുത്തൽ. (Kafir Screenshot Case)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


