Himalayan UFO Records showing reported UFO sightings in Ladakh and Sikkim
CIA UFO Documents: പ്രധാന വിവരങ്ങൾ
CIA UFO Documents: ലഡാക്ക്, സിക്കിം ഉൾപ്പെടെയുള്ള ഹിമാലയൻ അതിർത്തി മേഖലകളിൽ റിപ്പോർട്ട് ചെയ്ത യു.എഫ്.ഒ ദൃശ്യങ്ങളെക്കുറിച്ചുള്ള രഹസ്യരേഖകൾ പുറത്തുവന്നിട്ടുണ്ട്.
വാഷിംഗ്ടൺ: ഇന്ത്യൻ അതിർത്തി മേഖലകളായ ലഡാക്കിലും സിക്കിമിലും മുൻകാലങ്ങളിൽ പറക്കുംതളികകൾ (UFO) പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രതിരോധ മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും (CIA). വർഷങ്ങളോളം അതീവ രഹസ്യമായി സൂക്ഷിച്ച ശേഷം ഇപ്പോൾ പരസ്യപ്പെടുത്തിയ (Declassified) ഔദ്യോഗിക രേഖകളിലാണ് ഇന്ത്യ ഉൾപ്പെടുന്ന ഹിമാലയൻ അതിർത്തികളിൽ അജ്ഞാത പേടകങ്ങൾ എത്തിയതിന്റെ നിർണായക വിവരങ്ങളുള്ളത്. 1968 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലഡാക്ക്, സിക്കിം, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ മേഖലകളുടെ ആകാശത്ത് വിചിത്രവും അതിവേഗത്തിൽ സഞ്ചരിക്കുന്നതുമായ പ്രകാശവസ്തുക്കൾ ദൃശ്യമായത്. യു.എസ് സർക്കാരിന്റെ അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (UAP) രേഖകളുടെ ഭാഗമായാണ് ഈ ആറര പേജുള്ള സി.ഐ.എ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, 1968 ഫെബ്രുവരി 19-ന് വടക്കൻ സിക്കിമിലെ ലാചുങ്, ലാച്ചൻ, ചോലാമു തുടങ്ങിയ പ്രദേശങ്ങളിലെ ആകാശത്ത് വാലറ്റത്തുനിന്ന് തീവ്രമായ വെളിച്ചം പുറപ്പെടുവിക്കുന്ന ഒരു അജ്ഞാത വസ്തു വടക്കുകിഴക്ക് ദിശയിൽ നിന്നും തെക്കുപടിഞ്ഞാറോട്ട് അതിവേഗം സഞ്ചരിക്കുകയുണ്ടായി. ഇത് കടന്നുപോയതിന് പിന്നാലെ ഇടിമിന്നലിന് സമാനമായ വലിയ ശബ്ദവും കേട്ടിരുന്നു. തുടർന്ന് മാർച്ച് മാസത്തിൽ ലഡാക്കിലെ ചാങ് ലാ, ഫുക്ചെ എന്നീ മേഖലകളിൽ ആകാശത്ത് വട്ടമിട്ടു പറക്കുന്ന വെളുത്ത പ്രകാശവും ചുവന്ന പുകപടലങ്ങളും ദൃശ്യമായി. നേപ്പാളിലെ കാസ്കി മേഖലയിൽ സമാനമായ രീതിയിൽ പ്രത്യക്ഷപ്പെട്ട ഒരു തിളങ്ങുന്ന പേടകം തകർന്നു വീണതായും, തുടർന്ന് പൊഖാറയ്ക്ക് സമീപമുള്ള ഒരു ഗർത്തത്തിൽ നിന്നും ആറടി വ്യാസവും നാലടി ഉയരവുമുള്ള വലിയൊരു ലോഹ നിർമ്മിത ഡിസ്ക് (പറക്കുംതളിക) കണ്ടെത്തിയതായും സി.ഐ.എയുടെ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഈ വെളിപ്പെടുത്തൽ അന്യഗ്രഹ ജീവനെക്കുറിച്ചും യു.എഫ്.ഒകളെക്കുറിച്ചുമുള്ള ആഗോള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.
സമാന വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഔദ്യോഗിക വിവരങ്ങൾക്ക് CIA Reading Room സന്ദർശിക്കാം.
Instagram വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News Portal സന്ദർശിക്കൂ


