Haripad newborn incident hospital investigation
ആലപ്പുഴ: കടുത്ത വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ജനലിലൂടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു (Haripad Newborn Incident). ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പുലർച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അവിവാഹിതയായ യുവതി പ്രസവവിവരം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് ഈ ക്രൂരത കാട്ടിയത്. കടുത്ത വയറുവേദനയാണെന്ന് പറഞ്ഞ് പിതാവിനും സഹോദരങ്ങൾക്കുമൊപ്പമാണ് യുവതി രാത്രി ഒൻപത് മണിയോടെ ആശുപത്രിയിൽ എത്തിയത്. തനിക്ക് ആർത്തവ വേദനയാണെന്നും വേദനസംഹാരി മരുന്ന് മാത്രം മതിയെന്നുമാണ് യുവതി ഡോക്ടർമാരോട് പറഞ്ഞിരുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് യുവതി ശുചിമുറിയിൽ കയറിയതും അവിടെവെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയതും.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
പ്രസവത്തിന് പിന്നാലെ യുവതി കുഞ്ഞിനെ ശുചിമുറിയുടെ വെന്റിലേഷൻ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി ജീവനക്കാർ പരിശോധന നടത്തുന്നതിനിടയിലാണ് വെളിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. ഉടൻ തന്നെ ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ജനലിലൂടെ പുറത്തേക്ക് എറിഞ്ഞിട്ടും അത്ഭുതകരമായി കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂബോൺ ഐസിയുവിലേക്ക് മാറ്റി. പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്കും അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കാണുക


