Delhi EV Policy Big

ഡൽഹിയുടെ വായു മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന (ഇവി) നയം 2026-2030-ന്റെ കരട് പുറത്തിറക്കി. ഇതനുസരിച്ച്, 2028 ഏപ്രിൽ ഒന്ന് മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ പുതിയ രജിസ്ട്രേഷൻ ലഭിക്കൂ. മുച്ചക്ര വാഹനങ്ങൾക്ക് 2027 ജനുവരി ഒന്ന് മുതൽ ഈ നിയന്ത്രണം ബാധകമാകും. വാണിജ്യ വാഹനങ്ങളുടെ കാര്യത്തിലും കർശനമായ മാറ്റങ്ങളാണ് നയം വിഭാവനം ചെയ്യുന്നത്; 2026 ജനുവരി ഒന്ന് മുതൽ 3.5 ടൺ വരെയുള്ള ചെറിയ ചരക്ക് വാഹനങ്ങളിൽ പുതിയ പെട്രോൾ-ഡീസൽ എൻജിൻ വാഹനങ്ങൾക്ക് അനുമതിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ആക്കുന്നതിനൊപ്പം സ്കൂൾ ബസുകളെയും ഘട്ടം ഘട്ടമായി ഇലക്ട്രിഫൈ ചെയ്യും. വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുചക്ര വാഹനങ്ങൾക്ക് ബാറ്ററി ശേഷി അടിസ്ഥാനമാക്കിയുള്ള സബ്സിഡികളും, കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ ഇളവും, റോഡ് ടാക്സിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവും നൽകാൻ നയം നിർദ്ദേശിക്കുന്നു. ഡൽഹി ട്രാൻസ്കോ ലിമിറ്റഡിനെ ചാർജിങ് സൗകര്യങ്ങളുടെ നോഡൽ ഏജൻസിയായി നിശ്ചയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം ഈ നയം അന്തിമമാക്കും.

About The Author


