Malayali woman death after surgery in Canada
എറണാകുളം: കാനഡയിൽ തോൾ എല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മലയാളി യുവതി മരിച്ചു. കൊച്ചി സ്വദേശിയായ മുപ്പത്തിയഞ്ചുകാരി നമിതയാണ് മരിച്ചത്. ചികിത്സയിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്ന് ഭർത്താവ് ജിതിൻ ജേക്കബ് തോമസ് ആരോപിച്ചു. കാനഡയിലെ പ്രിൻസ് ജോർജിലുള്ള ആശുപത്രിയിൽ മെയ് ആറിനായിരുന്നു ശസ്ത്രക്രിയ നടന്നത്. കൂടുതൽ വിവരങ്ങൾ media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Health Canada സന്ദർശിക്കാം.
ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ നമിതയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു. വീട്ടിലെത്തി ഉറങ്ങാൻ കിടന്ന നമിത പിന്നീട് ഉണർന്നില്ല. മുൻപ് അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള നമിതയ്ക്ക് ആശുപത്രിയിൽ ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നും അതീവ ജാഗ്രത പുലർത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും ജിതിൻ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിൽ കഴിയേണ്ട ഘട്ടത്തിൽ വീട്ടിലേക്ക് അയച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.
മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കും. ഇതിന് ശേഷമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. നമിതയുടെ സംസ്കാരം കാനഡയിൽ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ വിദേശത്തെ മലയാളി സമൂഹവും വലിയ ഞെട്ടലിലാണ്.


