Attappadi Elephant Attack

അട്ടപ്പാടി പാലൂരിൽ കാലിന് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. മുൻവശത്തെ വലതുകാലിന് പരിക്കേറ്റ് മുടന്തി നടക്കുകയായിരുന്ന പത്തുവയസ്സുള്ള പിടിയാനയെ മയക്കുവെടിവെച്ച് ചികിത്സിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കരിവടം വനമേഖലയിൽ വെച്ച് ആനയെ മയക്കുവെടിവെക്കാൻ ശ്രമിക്കുന്നതിനിടെ, പരിക്ക് വകവെക്കാതെ ആന ഡോ. ഡേവിഡ് ഏബ്രഹാമിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് ഡോക്ടർക്ക് പരിക്കേറ്റു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ദ്രുതപ്രതികരണ സംഘം ആനയുടെ പരിക്ക് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെള്ളിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും, ആന കൂട്ടത്തോടൊപ്പം ചേർന്നതിനാൽ ദൗത്യം നിർത്തിവെക്കുകയായിരുന്നു. ആനയുടെ പരിക്കിന്റെ തീവ്രത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ശനിയാഴ്ച രാവിലെ വീണ്ടും മയക്കുവെടിവെച്ച് ചികിത്സിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അട്ടപ്പാടി റേഞ്ച് ഓഫീസർ അറിയിച്ചു.

About The Author


