Artemis 2 Moon Mission

അരനൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള മടക്കയാത്രയുടെ ആദ്യ ഘട്ടമായ നാസയുടെ ആർട്ടിമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. ചന്ദ്രനെ വലംവെച്ച് പത്തുദിവസം നീണ്ടുനിന്ന ചരിത്രപരമായ യാത്രയ്ക്ക് ശേഷം നാല് ബഹിരാകാശ സഞ്ചാരികളുമായി ഓറിയൺ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:37-ഓടെയാണ് പേടകം സാന്തിയാഗോ തീരത്തിന് സമീപം സമുദ്രത്തിൽ പതിച്ചത്. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൻ എന്നിവരായിരുന്നു ഈ ദൗത്യത്തിലെ അംഗങ്ങൾ. ചന്ദ്രന്റെ മറുപുറം (Far side) നേരിട്ട് കാണാനും ഭൂമിയിൽ നിന്ന് മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരത്തിൽ (ഏകദേശം 4,00,000 കിലോമീറ്റർ) എത്താനും ഈ ദൗത്യത്തിലൂടെ സാധിച്ചു.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിൽ പ്രവേശിച്ച പേടകത്തിന്റെ താപനില 2,760 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നെങ്കിലും അത്യാധുനികമായ ഹീറ്റ് ഷീൽഡുകൾ യാത്രികരെ സുരക്ഷിതരാക്കി. പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗത കുറച്ചാണ് പേടകം സമുദ്രത്തിൽ ഇറക്കിയത്. ഈ ദൗത്യത്തിന്റെ വിജയം വരാനിരിക്കുന്ന ‘ആർട്ടിമിസ് 3’ ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള നാസയുടെ നീക്കങ്ങൾക്ക് വലിയ കരുത്ത് പകരും. ചന്ദ്രനിൽ ഒരു സ്ഥിരം താവളം ഒരുക്കുന്നതിനും അവിടെ നിന്ന് ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്കും ഈ ദൗത്യം വഴികാട്ടിയാകും.
About The Author


