Happy Re Release Buzz
അന്യഭാഷാ താരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിലൊരാളാണ് അല്ലു അർജുൻ. ‘മല്ലു അർജുൻ’ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ ‘ഹാപ്പി’, 20 വർഷത്തിന് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത കാലത്ത് കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയം കൈവരിച്ചിരുന്നു. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം, രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസനാണ് പുതിയ സാങ്കേതിക മികവോടെ വീണ്ടും കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തിലുമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ സംഗീതം ഇന്നും മലയാളികൾക്കിടയിൽ വലിയ തരംഗമാണ്. റിലീസ് തീയതി സംബന്ധിച്ച് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുമ്പോൾ പഴയ ആവേശം തന്നെ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.


