bengaluru-wife-attack-youths-save-woman
ബെംഗളൂരു ദാസനപുരയിൽ തിരക്കുള്ള റോഡിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. ബിഹാർ സ്വദേശിയായ സഞ്ജയ് ആണ് തന്റെ ഭാര്യ സോണാലിയെ ആക്രമിച്ചത്. സഞ്ജയ്യുടെ അമിത മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കങ്ങളെത്തുടർന്ന് മാസങ്ങളായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.
സ്കൂട്ടറിലെത്തിയ സഞ്ജയ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സോണാലിയുടെ മേൽ ചാടിവീഴുകയും കൈവശം കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, കാഴ്ചക്കാരായി നിൽക്കാതെ സമീപത്തുണ്ടായിരുന്ന യുവാക്കൾ നിമിഷങ്ങൾക്കകം ഇടപെട്ടു. അക്രമിയിൽ നിന്ന് യുവതിയെ മോചിപ്പിക്കുകയും സഞ്ജയ്യെ വളഞ്ഞിട്ട് മർദ്ദിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു. യുവാക്കളുടെ ഈ സമയോചിതമായ ഇടപെടൽ മൂലമാണ് സോണാലിയുടെ ജീവൻ രക്ഷിക്കാനായത്. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.


