LDF 90 Seats Claim Shock

കേരളത്തിൽ ഭരണവിരുദ്ധവികാരമില്ലെന്നും, വരാനിരിക്കുന്നത് എൽഡിഎഫിന്റെ തുടർഭരണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ബിജെപിക്ക് കേരളത്തിൽ ഒരു അക്കൗണ്ട് പോലും തുറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇത്തവണയും ആവർത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം, തങ്ങൾ നടത്തിയ വിശദമായ അവലോകനത്തിൽ തൊണ്ണൂറിലധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായതായും കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും ബിജെപിയും പണമൊഴുക്കി വോട്ടുപിടിക്കാനുള്ള ശ്രമം നടത്തിയെന്നും എന്നാൽ ഉത്തരേന്ത്യൻ രീതിയിലുള്ള ഇത്തരം വൈകൃതങ്ങൾ കേരളത്തിൽ ചെലവാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് നടത്തുന്ന അവകാശവാദങ്ങൾ മുൻകാലങ്ങളെപ്പോലെ തന്നെ അസ്ഥാനത്താണെന്ന് ഓർമ്മിപ്പിച്ച എം.വി. ഗോവിന്ദൻ, വി.ഡി. സതീശൻ സന്യാസത്തിന് പോകേണ്ടി വരില്ലെന്നും ബിജെപിക്ക് ഒരിടത്തും വിജയം ലഭിക്കില്ലെന്നും പറഞ്ഞു. ഒമ്പതാം തീയതി തന്നെ ജനങ്ങൾ തങ്ങളുടെ വിധി എഴുതിക്കഴിഞ്ഞു എന്നും, ആ വസ്തുനിഷ്ഠമായ തീരുമാനത്തോട് മനസ്സിനെ പൊരുത്തപ്പെടുത്തുക മാത്രമാണ് നാലാം തീയതി ചെയ്യാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

About The Author


