Iran India Alert Panic

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് ടെഹ്റാനിലെ ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വരും മണിക്കൂറുകൾ നിർണ്ണായകമാണെന്നും അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നുമാണ് ഔദ്യോഗിക അറിയിപ്പ്. സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തി അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, പെട്രോകെമിക്കൽ മേഖലകൾ, ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി നിർദ്ദേശിച്ചു.

ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന വ്യോമാക്രമണങ്ങൾ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമാക്കിയിരിക്കുകയാണ്. ഇറാൻ തിരിച്ചടിക്ക് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെയാണ് പതിനായിരക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം കർശന നടപടികളിലേക്ക് കടന്നത്. അടിയന്തര സാഹചര്യത്തിൽ യാത്രകൾ അനിവാര്യമാണെങ്കിൽ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അനുമതി തേടണം. ഏത് സമയത്തും സഹായത്തിനായി ഹെൽപ്പ്ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാവരും എംബസി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
About The Author


