US Strikes Kharg Island

ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയുടെ മുനയിൽ നിർത്തിക്കൊണ്ട് ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ അമേരിക്കയുടെ അതിശക്തമായ സൈനിക നടപടി. ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഈ ദ്വീപിനെ ലക്ഷ്യമാക്കി യുഎസ് പോർവിമാനങ്ങൾ ബോംബ വർഷം നടത്തിയത്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഖാർഗ് ഐലൻഡിലെ അമ്പതിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണമുണ്ടായതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ എണ്ണ വ്യാപാരം പൂർണ്ണമായും തടസ്സപ്പെട്ടതായാണ് സൂചന.

ചൊവ്വാഴ്ച വൈകുന്നേരം ട്രംപ് ഭരണകൂടം നൽകിയ അന്ത്യശാസനം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ മിന്നൽ നീക്കം. ഖാർഗ് ഐലൻഡിലെ എണ്ണ ശുദ്ധീകരണ ശാലകളും സംഭരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും തകർത്തതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് തങ്ങളും വ്യോമാക്രമണം പൂർത്തിയാക്കിയതായി ഇസ്രായേൽ പ്രതിരോധ സേനയും (IDF) വ്യക്തമാക്കി. ഇറാനിലെ സാമ്പത്തിക നട്ടെല്ല് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യകക്ഷികൾ ഇത്തരമൊരു സംയുക്ത നീക്കം നടത്തിയത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം തടസ്സപ്പെടുത്തിയാൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഖാർഗ് ഐലൻഡിലെ നാശനഷ്ടങ്ങൾ ഇറാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വലിയ ടാങ്കറുകൾക്ക് അടുക്കാൻ കഴിയുന്ന ഏക പ്രധാന കേന്ദ്രമായ ഖാർഗ് തകർന്നതോടെ ഇറാന്റെ വിദേശ വ്യാപാരം പ്രതിസന്ധിയിലായിരിക്കുകയാണ്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
About The Author


