Court Shocks Kerala Ministers

തിരുവനന്തപുരം: കേരള പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വരുമാന വിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തിയില്ലെന്ന പരാതിയിൽ കോടതിയുടെ നിർണ്ണായക നീക്കം. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ച് വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ സ്വകാര്യ ഹർജിയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഹർജിയിലെ ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ഈ മാസം 22-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വരുമാന സ്രോതസ്സുകളും ആസ്തി വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്ന നിയമം മന്ത്രിമാർ ലംഘിച്ചുവെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. വീണാ ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് ലഭിച്ച കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ വസ്തുതാപരമായ വ്യക്തത വരുത്തുന്നതിനാണ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയിരിക്കുന്നത്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിൽ തുടർ നടപടികൾ സ്വീകരിക്കുക. മന്ത്രിമാർക്കെതിരെ ഉയർന്ന ഈ അഴിമതി ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
About The Author


