K Kavitha Shocks Congress

കേരളത്തിലെ വോട്ടർമാർ കോൺഗ്രസിനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ബിആർഎസ് നേതാവും മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത. നിലവിൽ കേരളത്തിൽ യുഡിഎഫിനായി പ്രചാരണം നടത്തുന്ന രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങൾ വ്യാജമാണെന്നും തെലങ്കാനയിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്നും കവിത ആരോപിച്ചു. തെലങ്കാനയിൽ നൽകിയ ആറ് ഗ്യാരന്റികളിൽ പകുതി പോലും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന വാഗ്ദാനവും, യുവാക്കൾക്ക് ജോലിയും, കർഷകർക്ക് ബോണസും നൽകുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടു. പെൻഷൻ വർധിപ്പിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് കവിത ചൂണ്ടിക്കാട്ടി.

തെലങ്കാനയെ കോൺഗ്രസ് ഒരു എടിഎം മെഷീൻ പോലെയാണ് ഉപയോഗിക്കുന്നതെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതി പണമാണെന്നും കവിത ആരോപിച്ചു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച രീതിയിലാണ് ഭരണം കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ കവിത, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചു. തെലങ്കാനയുടെ മകളുടെ വിനീതമായ അഭ്യർത്ഥനയാണിതെന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.
About The Author


