Digital Census India Begins in Kerala

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് നടപടികൾ 2027-ൽ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. കേരളത്തിൽ സെൻസസിന്റെ ആദ്യഘട്ടം ജൂണിൽ ആരംഭിക്കും. ജൂൺ 16 മുതൽ 30 വരെ പൗരന്മാർക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യമുണ്ടാകും. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ആദ്യ ഘട്ടത്തിൽ വീടുകളുടെ നിർമ്മാണ രീതി, അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളാണ് ചോദിക്കുക. ജനസംഖ്യാ കണക്കെടുപ്പും ഏറെ ചർച്ച ചെയ്യപ്പെടുന്ന ജാതി സെൻസസും രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പിലാക്കുക. 16 ഭാഷകളിൽ ലഭ്യമാകുന്ന പ്രത്യേക മൊബൈൽ ആപ്പ് വഴിയാണ് വിവരശേഖരണം നടത്തുന്നത്. ഏകദേശം 11,718.24 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിക്കായി 31 ലക്ഷം എന്യൂമറേറ്റർമാരെയാണ് നിയോഗിക്കുന്നത്.
സെൻസസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും രഹസ്യമായിരിക്കുമെന്നും വിവരാവകാശ നിയമപ്രകാരമോ കോടതികൾക്ക് മുന്നിലോ ഇവ ലഭ്യമാകില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. വിവരശേഖരണത്തിനായി പൗരന്മാർ പ്രത്യേകിച്ച് രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (NPR) ഇതിന് നിലവിൽ ബന്ധമില്ലെന്നും ലിവിങ് ടുഗദർ ദമ്പതികളെ സെൻസസിൽ വിവാഹിതരായി തന്നെ പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾ കൃത്യമായി നൽകി രാജ്യത്തെ ഏറ്റവും വലിയ ഈ കണക്കെടുപ്പിൽ പങ്കാളികളാകാൻ എല്ലാ പൗരന്മാരോടും സെൻസസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അത്യാധുനിക വെബ് മാപ്പിങ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് സെൻസസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.

https://www.instagram.com/media7onlive/p/DWgf2ZyE6IJ/
About The Author


