VD Satheesan Viral Reel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, വണ്ടി പ്രേമികളായ യുവാക്കളുടെ മനം കവർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇൻസ്റ്റഗ്രാം റീൽ. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന ടാഗ്ലൈനോടെ സതീശൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ 52 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ റീൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുവ വോട്ടുകൾ യുഡിഎഫ് പെട്ടിയിലാക്കാനുള്ള മാസ്റ്റർ സ്ട്രോക്കായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ (MVD) കർശന നിയന്ത്രണങ്ങളിൽ വലയുന്ന വാഹന പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് സതീശന്റെ ഈ പുതിയ പ്രഖ്യാപനം.

വാഹനങ്ങളിൽ വരുത്തുന്ന അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് നിയമപരമായ അനുമതി നൽകുമെന്നാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. നിലവിൽ കേരളത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും വലിയ പിഴയും ആർസി ബുക്ക് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളുമാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്. എന്നാൽ, യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇത്തരം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും, സുരക്ഷിതമായ രീതിയിലുള്ള മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്നും സതീശൻ ഉറപ്പുനൽകുന്നു. “അപകടകരമായ രീതിയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അല്ലാത്ത മോഡിഫിക്കേഷനുകൾ ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ? അവരത് ഭംഗിയായി കൊണ്ടുനടക്കട്ടെ,” എന്നാണ് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നത്.
പ്രളയകാലത്ത് ഓഫ്-റോഡ് വാഹനങ്ങളുമായി ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാക്കളുടെ സേവനത്തെയും സതീശൻ തന്റെ പ്രസംഗത്തിൽ സ്മരിച്ചു. അന്ന് നാടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരെ പിന്നീട് ഉദ്യോഗസ്ഥർ വേട്ടയാടിയ സാഹചര്യം ഉണ്ടായെന്നും, ഇത് പരിഗണിച്ചാണ് യുഡിഎഫ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ ‘മോഡിഫിക്കേഷൻ രാഷ്ട്രീയ’ത്തിന് യുവാക്കൾക്കിടയിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്നത് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും.
About The Author


