US Iran Operation Shock

ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15ഇ വിമാനത്തിലെ പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നടത്തിയ വമ്പിച്ച സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. വെറും രണ്ട് സൈനികർക്കായി 155 യുദ്ധവിമാനങ്ങളും നൂറോളം കമാൻഡോകളും പങ്കെടുത്തതാണ് ഈ ദൗത്യത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്ന സംശയത്തിന് വഴിതുറന്നത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു ‘ഓപ്പറേഷൻ’. 64 ഫൈറ്റർ ജെറ്റുകൾ, 4 ബോംബറുകൾ, 48 റീഫ്യൂവലിംഗ് ടാങ്കറുകൾ എന്നിവയുൾപ്പെടെയുള്ള വൻ സന്നാഹമാണ് അമേരിക്ക ഇറാൻ ആകാശത്ത് വിന്യസിച്ചത്. പരിക്കേറ്റ നിലയിൽ 7,000 അടി ഉയരമുള്ള പർവ്വതം കയറി സൈനികൻ ഒളിച്ചിരുന്നു എന്ന അമേരിക്കൻ വാദം സൈനിക വിദഗ്ധർ അവിശ്വസനീയമെന്ന് തള്ളിക്കളയുന്നു. ഇറാന്റെ പ്രധാന യുറേനിയം കേന്ദ്രമായ ഇസ്ഫഹാനിലെ ആണവനിലയത്തിന് വെറും 20 മൈൽ അകലെയുള്ള താവളമാണ് രക്ഷാപ്രവർത്തനത്തിന് തിരഞ്ഞെടുത്തത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം രഹസ്യമായി പിടിച്ചെടുക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇറാനും ചില മുൻ സിഐഎ ഉദ്യോഗസ്ഥരും ആരോപിക്കുന്നത്. ദൗത്യത്തിനിടെ രണ്ട് അമേരിക്കൻ വിമാനങ്ങൾ തകരുകയും അവ യുഎസ് തന്നെ ബോംബിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊരു കേവല രക്ഷാദൗത്യമായിരുന്നോ അതോ ആണവ നിലയം ലക്ഷ്യമിട്ടുള്ള രഹസ്യ അധിനിവേശശ്രമമായിരുന്നോ എന്ന ചോദ്യം ഇപ്പോഴും ലോകത്തിന് മുന്നിൽ അവശേഷിക്കുന്നു.

About The Author


