UDF Car Hits Athletes

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് കായിക താരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ലിങ്ക് റോഡിൽ ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഹോക്കി താരങ്ങളായ ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലെ കൈവരികൾ തകർത്ത് പെൺകുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടികൾ സമീപത്തെ കായലിലേക്ക് തെറിച്ചുവീണു.

അപകടം നടന്ന ഉടനെ സമീപത്തെ കടയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ സമയോചിതമായി ഇടപെട്ട് കായലിൽ വീണ പെൺകുട്ടികളെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ പ്രവർത്തകർ കാണിച്ച അമിതവേഗതയാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
About The Author


