UDF 100 Seats Claim

കേരളത്തിൽ ഇത്തവണ വ്യക്തമായ ഭരണമാറ്റമുണ്ടാകുമെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. വോട്ടെടുപ്പിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ 100 സീറ്റുകൾ എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, ജനങ്ങൾ മാറ്റത്തിനായി ആവേശത്തോടെ വോട്ട് ചെയ്തത് ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാരിനെതിരെയുള്ള ജനവികാരം പോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ചെന്നിത്തല അവകാശപ്പെട്ടു.

മുന്നണിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക. ഐക്യത്തോടെയാണ് മുന്നണി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിലെ മുതിർന്ന നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പാർട്ടിക്കുള്ളിലെ ഐക്യവും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും വിജയത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
About The Author


