UAE-Kuwait Meet: Major Move!

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസർ അൽ ഷാതിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആശംസകൾ വിദേശകാര്യമന്ത്രി യു.എ.ഇ. പ്രസിഡന്റിനെ അറിയിച്ചു.മേഖലയിലെ സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും മേഖലയിലുണ്ടാക്കുന്ന ആഘാതങ്ങൾ ഗൗരവകരമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. രാജ്യങ്ങളുടെ പരമാധികാരവും അതിർത്തി സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷാ വിഷയങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.

About The Author


