Sreenanda Tragedy Shock

കർണാടകയിലെ ചിക്കമഗളൂരു ബാബാ ബുധൻ ഗിരിയിലുള്ള മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപത്തെ അതീവ അപകടകരമായ 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ നാല് ദിവസമായി പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായി നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ഈ ദാരുണമായ അന്ത്യം സ്ഥിരീകരിച്ചത്. അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് 40 അംഗ യാത്രാസംഘത്തോടൊപ്പമെത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. മാണിക്യധാര വ്യൂ പോയിന്റിൽ നിന്ന് കുട്ടി കാൽ വഴുതി കൊക്കയിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുക്കാനുള്ള ദൗത്യം അതീവ ദുഷ്കരമായിരുന്നുവെന്നും പോലീസ് അറിയിച്ചു. മകൾ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്ന കുടുംബത്തിനും നാടിനും ശ്രീനന്ദയുടെ വിയോഗം വലിയ ആഘാതമായിരിക്കുകയാണ്.
About The Author


