Sabarimala verdict row

ശബരിമലയിലെ യുവതി പ്രവേശനത്തെ ശക്തമായി എതിർത്തും മുൻപത്തെ കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി. കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച ലിഖിത വാദത്തിലാണ് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി ഭക്തർ പിന്തുടരുന്ന ഈ ആചാരത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി. ഒന്നോ രണ്ടോ വ്യക്തികളുടെ താൽപ്പര്യത്തിനായി ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ തള്ളിക്കളയരുത്. യുവതി പ്രവേശനം അനുവദിക്കുന്നത് ക്ഷേത്രത്തിലെ ആരാധനാ സ്വഭാവത്തെ തന്നെ മാറ്റുമെന്നും, ആരാധനാമൂർത്തിയുടെ സ്വത്വം പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും കേന്ദ്രം വാദിക്കുന്നു. വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ അതേപടി ഇന്ത്യയിൽ പകർത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് മുൻ വിധിയെ വിമർശിച്ചുകൊണ്ട് കേന്ദ്രം ചൂണ്ടിക്കാട്ടി. പഞ്ചാബിൽ നിന്നുള്ള ഒരു സംഘടനയാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചതെന്നും അവർക്ക് ശബരിമലയെക്കുറിച്ച് അറിവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെ കേന്ദ്രം സ്വീകരിച്ച ഈ നിലപാട് നിർണ്ണായകമാണ്.

About The Author


