Russia Oil Revenue Shocks

മോസ്കോ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരാൻ കാരണമായതോടെ റഷ്യൻ സാമ്പത്തിക മേഖലയ്ക്ക് വൻ നേട്ടം. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം 900 കോടി ഡോളറായി (9 ബില്യൺ ഡോളർ) ഉയർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചിരുന്ന 490 കോടി ഡോളറിനേക്കാൾ ഇരട്ടിയോളം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ അസ്ഥിരത ഭയന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയതാണ് ഉപരോധങ്ങൾക്കിടയിലും റഷ്യയ്ക്ക് തുണയായത്.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണയ്ക്ക് കർശനമായ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നെങ്കിലും, നിലവിലെ സാഹചര്യം ഈ നിയന്ത്രണങ്ങളെ മറികടക്കാൻ റഷ്യയെ സഹായിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും പടർന്നതോടെ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉയർന്ന നിരക്കിൽ എണ്ണ വിൽക്കാൻ റഷ്യയ്ക്ക് സാധിക്കുന്നുണ്ട്. മുൻപ് ഡിസ്കൗണ്ട് നിരക്കിൽ നൽകിയിരുന്ന എണ്ണയ്ക്ക് ഇപ്പോൾ വിപണി വിലയേക്കാൾ ഉയർന്ന തുകയാണ് റഷ്യ ഈടാക്കുന്നത്. യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഈ അധിക വരുമാനം റഷ്യൻ സൈനിക നീക്കങ്ങൾക്കും ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്കും വലിയ ഊർജ്ജമാണ് നൽകുന്നത്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ വരും മാസങ്ങളിലും എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
About The Author


