River EV Aluva Launch

ആലുവ: പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ റിവർ (River) തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും പുതിയ സ്റ്റോർ ആലുവയിൽ ആരംഭിച്ചു. ഇഞ്ചിയോൺ മൊബിലിറ്റിയുമായി സഹകരിച്ച് ആലുവ പുളിഞ്ചോട്ടാണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്. റിവറിന്റെ ജനപ്രിയ മോഡലായ ‘ഇൻഡി’ (Indie), വിവിധ ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് ഇവിടെ നേരിട്ട് കണ്ട് ബോധ്യപ്പെടാനും സ്വന്തമാക്കാനും സാധിക്കും. നിലവിൽ ആലുവ, കോട്ടയം എന്നിവിടങ്ങളിൽ റിവർ സ്റ്റോറുകൾ ലഭ്യമാണ്. വരും ദിവസങ്ങളിൽ ആലപ്പുഴയിലും മൂവാറ്റുപുഴയിലും പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കേരളത്തിലെ വർധിച്ചുവരുന്ന ഇലക്ട്രിക് വാഹന ആവശ്യങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ ചുവടുവെപ്പ്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 163 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകുമെന്നതാണ് റിവർ ഇൻഡി സ്കൂട്ടറുകളുടെ പ്രധാന സവിശേഷത. 4 kWh ശേഷിയുള്ള ബാറ്ററി കരുത്തിൽ കുതിക്കുന്ന ഈ സ്കൂട്ടറിന് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയുണ്ട്. പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ വെറും 3.7 സെക്കൻഡ് മാത്രം മതിയാകും. സുരക്ഷ ഉറപ്പാക്കാൻ ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റൈലും യൂട്ടിലിറ്റിയും ഒരുപോലെ ഒത്തുചേരുന്ന ഡിസൈനാണ് ഇൻഡിയുടേത്. 1,45,799 രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. പുളിഞ്ചോട് ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം ബാബു മൂപ്പൻ, റിവർ സഹസ്ഥാപകൻ വിപിൻ ജോർജ്, ഇഞ്ചിയോൺ മൊബിലിറ്റി എം.ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു.
About The Author


