Ranjith Bail Verdict Today

കൊച്ചി സിനിമ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്റെ പ്രധാന വാദം. സിനിമയിലെ നടിയുടെ അഭിനയം താൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതിനെ തുടർന്ന് വിമർശിക്കുകയും ചിത്രത്തിലെ ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് മാസങ്ങൾക്ക് ശേഷം നൽകിയ ഈ വ്യാജ പരാതിക്ക് ആധാരമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. മറ്റാരുടെയോ പ്രേരണയാലും നിർദ്ദേശത്താലുമാണ് തനിക്കെതിരെ ഇത്തരമൊരു നീക്കം നടന്നതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്.

അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷയും കോടതി ഇന്ന് പരിശോധിക്കും. നേരത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി കോടതി അത് തള്ളിയിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷയിലും പോലീസ് കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് എടുക്കുന്ന തീരുമാനം കേസന്വേഷണത്തിൽ നിർണ്ണായകമാകും.
About The Author


