Ranjith Bail Shock

സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. നേരത്തെ വോട്ട് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും വിലയിരുത്തിയാണ് കോടതി വിധി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ എത്തിയ നടിയെ കാരവനിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിമാൻഡിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ അന്വേഷണ സംഘം ലൊക്കേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും നടിയുടെ അഭിനയത്തെ വിമർശിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്നുവന്ന പരാതികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഈ കേസ്.
About The Author


