Pinarayi vs Revanth Shock

കേരളത്തിന്റെ നേട്ടങ്ങളെയും എൽഡിഎഫ് സർക്കാരിനെയും വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വിയോജിപ്പുകൾ സ്വാഭാവികമാണെങ്കിലും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള വ്യക്തിഹത്യ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. നിതി ആയോഗിന്റെയും സുസ്ഥിര വികസന സൂചികയുടെയും കണക്കുകൾ നിരത്തിയാണ് കോൺഗ്രസ് ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചത്. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും ഈ പട്ടികയിൽ തെലങ്കാന ആറാം സ്ഥാനത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, 1957-ലെ ആദ്യ ഇ.എം.എസ് സർക്കാരിനെ അട്ടിമറിച്ച ചരിത്രം മറക്കരുത്. ഭൂപരിഷ്കരണവും സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും വഴി കേരളം കൈവരിച്ച വിപ്ലവകരമായ മാറ്റങ്ങൾ ഇടതുപക്ഷ സർക്കാരുകളുടെ ഇച്ഛാശക്തിയുടെ ഫലമാണ്. കോൺഗ്രസ് ഭരണകാലത്ത് ഉപേക്ഷിക്കപ്പെട്ട ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, ഇടമൺ-കൊച്ചി പവർ ഹൈവേ എന്നിവ എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കി. 2025 നവംബറിൽ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപിയെ വിമർശിക്കുന്നില്ലെന്ന ആരോപണത്തിന്, കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുന്നത് കേരളമാണെന്ന മറുപടിയും അദ്ദേഹം നൽകി. നവകേരള നിർമ്മാണം എല്ലാവർക്കും മാതൃകയാകുമെന്നും അത് ആരുടേയും സർട്ടിഫിക്കറ്റിനായി കാത്തുനിൽക്കുന്നില്ലെന്നും പറഞ്ഞാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിച്ചത്.

About The Author


