Perambra Election Notice to LDF, UDF Candidates

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്മെന്റ് നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനും, സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന ആരോപണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ നിന്ന് “നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് വോട്ട് ചെയ്യണം” എന്ന് മുസ്ലിം ലീഗ് രഹസ്യമായി പ്രചരിപ്പിക്കുന്നു എന്ന രീതിയിലുള്ള അനൗൺസ്മെന്റ് ഉയർന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് മതസ്പർധ വളർത്തുന്നതാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി നൽകുകയായിരുന്നു. വടകരയിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിന് സമാനമായ വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു.
അതേസമയം, വിവാദമായ അനൗൺസ്മെന്റ് തന്റെ അറിവോടെയല്ലെന്നും രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലി എൽഡിഎഫിനില്ലെന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ഈ വിഷയത്തിൽ പോലീസ് അന്വേഷണത്തോടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോടും പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥിയും സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു എന്ന പരാതി ഉയർന്നതോടെയാണ് ഫാത്തിമ തഹ്ലിയയ്ക്കും നോട്ടീസ് ലഭിച്ചത്. ഇരു സ്ഥാനാർത്ഥികളും വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർക്ക് ഉടൻ വിശദീകരണം നൽകേണ്ടതുണ്ട്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പേരാമ്പ്രയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്.

https://www.instagram.com/media7onlive/p/DWsxQ8SkQ–/
About The Author


